Saturday, 7 July 2018

Memory of Football in Childhood


കളിയോർമകൾ

നാരായണീയം എങ്ങിനെ തുടങ്ങണം എന്ന് മേല്പത്തൂരിന് ശങ്ക....മൽത്സ്യം തൊട്ടുകൂടിയാവട്ടെ എന്ന് എഴുത്തച്ഛനും. അതുപോലെ വരുന്ന ലോകകപ്പിനെ എങ്ങിനെ തുടങ്ങണം എന്ന ശങ്കയിൽ ഞാൻ ...ബോൾ തൊട്ടു തുടങ്ങൂ  എന്ന് വികടന്മാർ. എന്നാൽ അങ്ങിനെ എന്ന് ഞാനും. ഒരു കാലത്തു കളിക്കാൻ പന്ത് കിട്ടുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. തോറ്റപറമ്പു  മൈതാനത്തു പന്ത് കളിക്കുമ്പോൾ എല്ലാവരും നേരിട്ടിരുന്ന ഏറ്റവും വലിയ ശങ്ക നാളെ കളിയ്ക്കാൻ ഫുടബോൾ എങ്ങിനെ സംഘടിപ്പിക്കും എന്നതായിരുന്നു.

സ്കൂൾ പൂട്ടി വേനൽ അവധി കേമമാക്കാൻ ഫുടബോൾ കളിയും ഫുടബോൾ മത്സരവും നിർബന്ധമായിരുന്നു. പക്ഷെ, അടുത്ത ദിവസം കളിക്കാൻ പന്ത് വേണമെങ്കിൽ അത് തുന്നാൻ അറിയുന്ന ആരുടെയെങ്കിലും സഹായവും ആവശ്യമായിരുന്നു. പറ്റുമെങ്കിൽ ആശ്രയത്വം അവസാനിപ്പിക്കുവാൻ തുന്നുന്ന ജോലി സ്വയം ഏറ്റെടുക്കണം.

കൊച്ചിയിൽ നെഹ്റു കപ്പു വന്നപ്പോൾ മുതിർന്ന ആളുകളും ചേട്ടന്മാരും കഷ്ടപ്പെട്ട് കളി കണ്ട കാര്യം വർണിക്കുന്നതിന് ഞങ്ങൾ ചെറിയ കുട്ടികൾ കാതോർത്തിരിക്കും. ടി വി ഇല്ലാത്ത കാലത്തു, കളി കാണാൻ കാശും അനുവാദവും ഇല്ലാത്ത കാലത്തു ഞങ്ങളുടെ സായൂജ്യം ഇവരുടെ കളി വർണനയിലാണ്. അവർ പറയുമ്പോൾ, മൈതാനങ്ങൾ പച്ചപ്പുല്ലിന്റെ മെത്തയാവും, പന്ത് പുൽത്തകിടിയിൽ പറന്നു നടക്കുന്ന ചിത്രശലഭം ആവും. കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങൾ ലോകകപ്പ് നടക്കുന്ന മൈതാനത്തു എത്തിയ ഭാവം പകരും.

നാളത്തെ കളി എന്നും ഒരു വിഷയമായിരുന്നു. പന്തില്ലാതെ എന്ത് കളി. വിഷു കൈനീട്ടം കിട്ടിയ കാശും, കശുവണ്ടി വിറ്റുകിട്ടിയ കാശും പിന്നെ പലരീതിയിൽ സംഘിടിപ്പിച്ച സ്വകാര്യ സമ്പാദ്യങ്ങളും ഞങ്ങളുടെ ക്ലബിന്റെ പന്തായി മാറും. വേനലവധി തീരാൻ കാത്തുനിൽക്കാതെ വരുന്ന മഴ എന്നും ഞങ്ങളുടെ പ്രധാന പ്രതിയോഗി ആയിരുന്നു. വെള്ളക്കെട്ടിന് പേരുകേട്ട, മഴക്കാലാരംഭത്തിൽ തന്നെ വെള്ളം നിറയുന്ന ഞങ്ങളുടെ 'ല മാസിയയിൽ' മഴ വളരെ വലിയ വില്ലൻ ആയി അവതരിച്ചിരുന്നു. മഴ എന്നാൽ, സമയ നഷ്ടം മാത്രമല്ല, അവൻ ഞങ്ങളുടെ പന്തിനെ ആയുസ്സു തീർക്കുന്ന കാലം കൂടി ആയിരുന്നു. കഷ്ട്ടപെട്ടു പിരിച്ചെടുത്ത, കിട്ടിയ തുകയിൽ ഒതുങ്ങുന്ന നമ്പർ 3 തുകൽ ബോളിന്‌ മഴയോടേറ്റുമുട്ടി വിങ്ങി വീർത്തു മരിക്കാനായിരുന്നു വിധി. വലിയ ചേട്ടന്മാർ അന്ന് ആറാം നമ്പർ ലതർ ബോൾ ആണ് ഉപയോഗിച്ചിരുന്നത്. മഴവെള്ളത്തിൽ മുങ്ങി വീർത്ത പന്തിനു അതിന്റെ സാധാരണ ഭാരത്തിന്റെ പതിന്മടങ്ങു തൂക്കം ഉണ്ടാവും. അതുംകൊണ്ട് വെറും കാലിൽ, കുഴിയും, വേരുകളും, തെങ്ങിൻ കുറ്റികളും, ഞങ്ങൾക്കൊപ്പം കളിക്കാൻ എന്നും കൂടുന്ന ചെറിയ തെങ്ങുകൾ നിൽക്കുന്ന മൈതാനത്തു കളിക്കുമ്പോൾ മഴ ഒരിക്കലും ഒരു പ്രതിയോഗി ആയിരുന്നില്ല.

അന്നത്തെ ഞങ്ങളുടെ പന്തുകളി ഇന്ന് നാം ടി വി യിലും നെറ്റിലും കാണുന്ന അവസ്ഥയിൽ ആയിരുന്നില്ല. അന്നത്തെ ഞങ്ങളുടെ ഭാവനയിൽ ഏറ്റവും നല്ല കളിക്കാരൻ എന്നാൽ ഏതിർഭാഗത്തെ  എല്ലാവരെയും സ്വന്തം വേഗതയിലും മെയ്‌വഴക്കത്തിലും കറക്കിയെടുത്തു എതിരാളിയുടെ ഗോൾവലയം കുലുക്കുന്ന കളിക്കാരൻ. നാട്ടിലെ എല്ലാ ക്ലബ്ബ്കൾക്കും ഇത്തരത്തിൽ കളിക്കുന്ന ഒന്നോ രണ്ടോ പ്രധാന കളിക്കാർ കാണും. പന്തുകളി സീസൺ മുഴുവൻ അവർക്കു നല്ല തിരക്കാണ്. അവരുടെ സേവനം വാടകക്ക് എടുക്കാൻ പരിസരത്തെ മറ്റു ക്ലബ്ബ്കൾ മത്സരിക്കും. അവരോടു കിടപിടിക്കാൻ ഇന്ന് വളരെ കുറച്ചു കളിക്കാർ മാത്രമേയുള്ളു. ലയണൽ മെസ്സി അതിൽ ഒരാളാണ്.

പന്ത് ഇടതും വലതു കളിക്കുന്ന കളിക്കാർക്ക് പാസുകൾ വഴി കൈമാറി മുന്നോട്ട് നീങ്ങുക എന്നത് അംഗീകരിക്കാൻ ആവാത്ത അപരാധമാണ്. പെപ്പ് ഗ്വാർഡിയോളയും, ആർസെൻ വെങ്കറും അന്ന് കളി പഠിപ്പിക്കാൻ ശ്രമിക്കാതിരുന്നത് അവരുടെ ഭാഗ്യം. പന്ത് കയ്യടക്കി, ഒപ്പം കളിക്കുന്നവർക് പാസ് കൊടുക്കുന്ന കളിക്കാരൻ ഏറ്റവും വെറുക്കപെട്ടവൻ ആവാൻ അധികം നേരം വേണ്ട. പാസ് കൊടുക്കുക എന്നാൽ ആത്‌മവിശ്വാസം ഇല്ലായ്മയുടെ പ്രതിഫലനം ആണ്. ബാക് പാസ് എന്നാൽ കളി അറിയായ്കയുടെ ലക്ഷണവും. പന്ത് എന്നും മുന്നോട്ട് മാത്രം നീങ്ങാൻ ഉള്ള വസ്തുവാണ്. ഗോൾ കീപ്പർ എന്നാൽ കളി കളത്തിൽ മാറ്റി നിർത്താൻ കഴിയാത്ത ഒരാളെ ഒതുക്കാൻ ഉള്ള സ്ഥാനവും. അവൻ ആയിരിക്കും കളിക്കുന്ന പന്തിനു കൂടുതൽ ഷെയർ കൊടുത്ത ആൾ.

കഥകൾ പറഞ്ഞു നമ്മൾ പന്തിൽ നിന്ന് ഒരുപാട് ദൂരെ പോയി. ആറു കോണും അഞ്ചുകോണും ഉള്ള കുറെ തുകൽ കഷണങ്ങൾ തുന്നിക്കൂട്ടിയ തുകൽ സഞ്ചി സംഘടിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ലോകം ജയിക്കാൻ പോയ അലക്‌സാണ്ടർ ചക്രവർത്തിയുടെ ശ്രമങ്ങൾക്ക് തുല്യമാണ്. തന്റെ ചെറുപ്പത്തിൽ പന്തുകളിക്കാൻ അവസരം കിട്ടിയ മുത്തശ്ശൻ പറഞ്ഞത് പന്ത് പല നീളത്തിൽ ക്രമമായി തുന്നി ചേർത്ത തുകൽ സഞ്ചിയാണെന്നാണ്, അതിലെ ബ്ലാഡർ വായു നിറച്ചു ചരട് കൊണ്ട് കെട്ടി, പന്തിന്റെ അകത്തു കുത്തി കയറ്റുമായിരുന്നു എന്നാണ്. ഞങ്ങളുടെ പന്തിന് ബ്ലാഡർ കെട്ടി വയ്‌ക്കേണ്ടിയിരുന്നില്ല, പക്ഷെ ചിലപ്പോൾ കാറ്റ് പോകാതിരിക്കാൻ അത് നിറക്കുന്ന ദ്വാരം അടക്കാൻ കോട്ടക്ക മുതൽ ബോൾ ബെയറിങ് വരെ കരുത്തണമായിരുന്നു.

1982 -ലെ നെഹ്‌റു കപ്പ് സമയത്താണ് ഞങ്ങൾ സിന്തറ്റിക് ഫുട്ബോൾ പരിചയപ്പെടുന്നത്. ഒരു ദിവസം വൈകുന്നേരം ഞങ്ങൾ സ്വന്തമായി പന്തില്ലാതെ എങ്ങിനെ കളിക്കും എന്ന് വിഷമിച്ചു ഇരിക്കുമ്പോൾ അതാ വരുന്നു ദൈവദൂതനെപോലെ ഒരാൾ, കയ്യിൽ ഒരു പന്തുമേന്തി.. അത് വേറെ ആരുമല്ല, എപ്പോ ചേട്ടൻ, (ശരിയായ പേര് ഇപ്പോഴും അറിയില്ല), ചേട്ടന്മാരുടെ ടീമിൽ കളിക്കുന്ന ബാബുട്ടന്റെ അച്ഛൻ. ബാബുട്ടന്റെ ചേട്ടൻ വറുഗീസ് ചേട്ടൻ അന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടീമിൽ കളിക്കുന്നു. അവിടെ നിന്ന് എത്തിയ പുതിയ പന്താണ് എപ്പോച്ചേട്ടൻ ഞങ്ങൾക്കായി തരുന്നത്. കളി കഴിയുമ്പോൾ പന്ത് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിക്കണം. അങ്ങിനെ ആദ്യമായി ഒരു ലോക ഫുട്ബോളിൽ കളിച്ചു. തുകൽ പന്തിനെ അപേക്ഷിച്ചു ഇത് ഭാരം ഏറിയതാണ്, കാലിൽ ബൂട്ട് ഇട്ടു കളിയ്ക്കാൻ തയ്യാറാക്കിയ ഇവനെ വെറും കാലിൽ ഞങ്ങൾ നേരിട്ടു. ഏതോ യൂറോപ്യൻ രാജ്യത്തുനിന്ന് വന്ന ഈ പുതിയ പന്ത് മഴയത്തും കളിക്കാം. അങ്ങിനെ ഞങ്ങൾ പന്തുകളുടെ പുതിയ തലമുറയെ പരിചയപെട്ടു.

എപ്പോച്ചേട്ടൻ ഞങ്ങൾക്ക് ദൈവാവതാരം ആയിരുന്നെങ്കിൽ ആ പറമ്പിന്റെ ബാക്കി ഭാഗത്തു താമസിച്ചിരുന്നവർക്കു പന്തുകളി ചതുർത്ഥിയും കളിക്കുന്ന ഞങ്ങൾ സാത്താന്റെ അവതാരങ്ങളും ആയിരുന്നു. അവരുടെ വീടിന്റെ ഭാഗത്തേക്ക് പന്ത് അബദ്ധത്തിൽ പോലും പോകാതെ നോക്കുക എന്നതായിരുന്നു ഞങ്ങൾക്ക് ഗോളടിക്കുന്നതിനേക്കാൾ വലിയ പ്രശ്നം. ചില വീടുകളിൽ പന്ത് പോയാൽ അവർ അതെടുത്തു അകത്തു വയ്ക്കും, ചോദിയ്ക്കാൻ ചെല്ലുന്ന കുട്ടികളെ വഴക്കു പറയും, കഴിയുമെങ്കിൽ ആ ദിവസം പന്ത് താരത്തെ നോക്കും.

തോറ്റപറമ്പു ഇന്നില്ല, ഒരിക്കലും താമസയോഗ്യം ആവില്ല എന്ന് ഞങ്ങൾ കരുതിയ ആ സ്ഥലം ഇന്ന് ഒരു കോളനി ആയി മാറി. അടുത്ത തലമുറയോട് ഇവിടെ ഞങ്ങൾ ഫുട്ബോൾ കളിച്ചിരുന്നു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഞങ്ങൾക്കൊപ്പം കളിക്കാരനായ തെങ്ങുകൾ വീടുകൾക്കായി വഴിമാറി. ഒരിക്കൽ തായാട്ട് ശങ്കരൻ ഫുട്ബോൾ ടുർണമെന്റ് നടന്ന മൈതാനമായിരുന്നു. അതിൽ പങ്കെടുക്കുവാൻ സമീപ സ്ഥലങ്ങളിൽ നിന്ന് നല്ല ടീമുകൾ എത്തിയിരുന്നു. ഒരേ വർണ്ണത്തിലുള്ള ജേഴ്‌സി ഇട്ട ടീമുകളുടെ മത്സരങ്ങൾ ഞങ്ങൾ കുട്ടികൾ വളരെ അടുത്തുനിന്നു നോക്കി കണ്ടു. ടുർണമെന്റിനായി സംഘാടകർ ഒരുക്കിയ പന്തും പുതിയ തലമുറയിൽ പെട്ട സിന്തറ്റിക് ബോൾ ആയിരുന്നു. അങ്ങിനെ ക്രമേണ തുകൽ ഫുടബോൾ കാലയവനികക്കുള്ളിൽ മറഞ്ഞു.

മുത്തശ്ശൻ പറഞ്ഞ ടി ഷെയ്പ്പിൽ വെട്ടിയ തുകൽ കഷണങ്ങൾ തുന്നിച്ചേർത്തു കഴുത്തു നീണ്ട ബ്ലാഡർ കാറ്റ് നിറച്ചു കഴുത്തുഭാഗം കെട്ടി സുരക്ഷിതമാക്കി പന്തിലെ വാഭാഗത്തുള്ള സുഷിരത്തിലൂടെ പന്തിനുള്ളിൽ ആക്കി കളിക്കുന്ന രീതിയിൽ നിന്ന്, ആറു കോണും, അഞ്ചുകോണും ഉള്ള കഷണങ്ങൾ തുന്നിച്ചേർത്തു നിർമിച്ച ബോളിൽ എത്തി ഞങ്ങളുടെ തലമുറ. അവർക്കായി കഴുത്തു നീണ്ട ബ്ലാഡർ വഴിമാറി. പകരം, കാറ്റടിച്ചാൽ അത് പുറത്തു പോകാത്ത തരത്തിലുള്ള ബ്ലാഡർ തുകൽ പന്തിൽ തുന്നി ചേർത്ത പന്ത് എത്തി. ഞങ്ങൾ വളർന്നപ്പോൾ ഒപ്പം പന്തും വളർന്നു. എപ്പോച്ചേട്ടൻ ഞങ്ങൾക്ക് തന്ന ബ്ലാഡർ ഇല്ലാത്ത സിന്തറ്റിക് ബോൾ ഞങ്ങളെ പന്തുകളിയുടെ അന്തർദേശിയ തലത്തിലെ ഒരംശത്തിൽ എങ്കിലും എത്താൻ സഹായിച്ചു.

കാലം വളരെ വേഗത്തിൽ കടന്നു പോയി. എൺപതുകളുടെ മധ്യത്തിൽ എത്തിയ ടെലിവിഷൻ ഞങ്ങളെ ലോക ഫുടബോൾ എങ്ങിനെ എന്ന് നേരിൽ കാണിച്ചു. മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയുടെ മറഡോണ സൃഷ്ടിക്കുന്ന മാസ്മരികത കാണാൻ ടെലിവിഷൻ ഉള്ള വീടുകൾ തേടി കിലോ മീറ്റർ താണ്ടിയവർ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ട്. ഇറ്റലിയിൽ ലോകകപ്പ് എത്തിയപ്പോൾ ടെലിവിഷൻ മിക്കവരുടെയും വീട്ടിൽ കളർ സഹിതം എത്തിയിരുന്നു. പന്തുകളി എന്നാൽ പങ്കാളികളെ ഉൾപ്പെടുത്തി ഒരുമിച്ചു മുന്നേറുന്ന കളിയാണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. പാസിംഗ് എന്നാൽ പന്തുകളിയുടെ സിരകളാണെന്നും പലതരത്തിലുള്ള പാസുകളിലൂടെ ഒന്നിച്ചു മുന്നേറുമ്പോഴാണ്‌ കളി ആസ്വദിക്കാൻ കഴിയുക എന്ന സത്യം വൈകിയാണെങ്കിലും മനസ്സിലാക്കി.

വീണ്ടും കാലം നീങ്ങി, ലോകകപ്പ് അമേരിക്ക വഴി ഫ്രാൻ‌സിൽ എത്തി, സിനഡിൻ സിദാൻ ഫൈനലിൽ പ്രകടിപ്പിച്ച മാസ്മരികതയിൽ ഫ്രാൻസ് ജയിച്ച കപ്പ്. പിന്നെ ആദ്യമായി ഏഷ്യയിൽ എത്തി. പടിഞ്ഞാറൻ യൂറോപ്പിന്റെയും ലാറ്റിൻ അമേരിക്കയുടെയും കുത്തകയിൽ നിന്ന് മാറി, ജപ്പാനും ദക്ഷിണ കൊറിയയും സംയുകതമായി ആതിഥേയത്വം വഹിച്ച ലോകകപ്പ്. റൊണാൾഡോ - റൊണാൾഡീഞ്ഞോ ആധിപത്യം നേടിയ കപ്പ്. രണ്ടായിരത്തി ആറിൽ ലോകകപ്പ് വീണ്ടും പടിഞ്ഞാറൻ യൂറോപ്പിൽ എത്തിയ ഇറ്റലി നേടിയ ലോകകപ്പ്. പിന്നീട് കപ്പ് ആദ്യമായി ആഫ്രിക്കയിൽ എത്തി. ദക്ഷിണാഫ്രിക്കയിൽ എത്തിയ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സ്പെയിൻ വിജയിയാവുന്നതു കണ്ടു. അറുപതു വർഷങ്ങൾക്ക് ശേഷം ബ്രസീൽ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ ജർമ്മനി വിജയിക്കുന്നത് കണ്ടു. ഇനി, റഷ്യയിൽ കാണാം. 

1 comment:

Anonymous said...

Excellent writing Ravi...continue